ആലുവ: പോലീസ് സേനാംഗങ്ങളുടെ കുറവ് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് രൂക്ഷമാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. ഡയറക്ടർ ജനറൽ ഓഫ് പോലീസിന് റൂറൽ പോലീസ് മേധാവി എം. ഹേമലതയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അതിഥി തൊഴിലാളികളുടെ വർധനയും കുറ്റകൃത്യങ്ങളും, പള്ളിത്തർക്കങ്ങൾ തുടങ്ങിയ പല ഘടകങ്ങളാൽ എറണാകുളം ജില്ലയിൽ കേസുകൾ വർധിക്കുന്നതായി എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
സമീപജില്ലകളേക്കാൾ കുറ്റകൃത്യങ്ങൾ ജില്ലയിൽ വർധിച്ചുവരികയാണ്. ദൈനംദിന ക്രമസമാധാന പാലനം, കേസന്വേഷണങ്ങൾ, വിഐപി സുരക്ഷ തുടങ്ങിയവ നിലവിലെ പോലീസ് സേനാംഗങ്ങളുടെ ബലം കൊണ്ട് കൈകാര്യം ചെയ്യാനാകുന്നില്ല.
കൂടുതൽ തസ്തികകൾ അനുവദിക്കാത്തതിനാൽ നിലവിലെ പോലീസുകാർക്ക് ഡ്യൂട്ടിസമയം നീട്ടി നൽകേണ്ടി വരുന്നെന്നും ജോലി ഭാരം വർധിക്കുന്നതായും ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി. വിവരാവകാശ പ്രവർത്തകൻ കെ.ടി. രാഹുലിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരമാണ് റിപ്പോർട്ട് ലഭിച്ചത്. ആലുവ ടൗൺ പോലീസ് സ്റ്റേഷനിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം കുറവുണ്ടെങ്കിലും ജില്ലാ ആസ്ഥാനത്തുനിന്ന് പകരം പോലീസ് സേനാംഗങ്ങളെ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.